കേരളത്തിലെ എസ്‌ഐആര്‍ സമയ പരിധി നീട്ടി. എന്യൂമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സമര്‍പ്പിക്കാം. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 23നാണ് പ്രസിദ്ധീകരിക്കുക. എസ്‌ഐആര്‍ തിടുക്കത്തില്‍ നടപ്പിലാക്കണമെന്ന തീരുമാനത്തില്‍ ജോലിഭാരം താങ്ങാനാവാതെ നിരവധി ബിഎല്‍ഒമാര്‍ ജീവനൊടുക്കിയപ്പോഴും സമയം നീട്ടില്ലെന്ന നിലപാടിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുന്‍പ് ഫോം നല്‍കാനുള്ള സമയ പരിധി ഡിസംബര്‍ 11 വരെയായിരുന്നു നീട്ടിയത്. ഡിസംബര്‍ 16ന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്.
കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് തീയ്യതി നീട്ടുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എസ്.ഐ.ആര്‍ നീട്ടുന്നത് സംബന്ധിച്ച് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറും ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരാഴ്ച നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്.


0 Comments