`ദിസ്പൂർ:` ഉച്ചഭാഷിണിയിലൂടെയുള്ള സഹായ ആഹ്വാനത്തിലൂടെ ഏഴ് ജീവനുകള്‍ രക്ഷിച്ച് പള്ളിയിലെ ഇമാം. നിയന്ത്രണം വിട്ട് കുളത്തില്‍ വീണ കാറിനുള്ളിലുണ്ടായിരുന്ന ഏഴ് പേരാണ് ഇമാമിന്‍റെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
മൗലാന അബ്ദുള്‍ ബാസിത് എന്ന ഇമാം ആണ് അപകട വിവരം പള്ളിയിലെ ഉച്ചഭാഷിണി വഴി പുലർച്ചെ ഗ്രാമത്തിലുള്ളവരെ അറിയിച്ചത്. ഇതോടെ മുങ്ങിക്കൊണ്ടിരുന്ന വാഹനത്തില്‍ കുടുങ്ങിയ ഏഴ് പേരെ രക്ഷിക്കാൻ പ്രദേശവാസികള്‍ ഓടിയെത്തുകയായിരുന്നു
അസമിലെ ശ്രീഭൂമി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പുലർച്ചെ ദേശീയപാതയില്‍ നിന്ന് നിയന്ത്രണം വിട്ട വാഹനം തെന്നിമാറി കുളത്തിലേക്ക് മറിയുകയായിരുന്നു. പുലർച്ചെയായതിനാല്‍ മിക്കവരും ഉറക്കമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കാറിനുള്ളിലുള്ളവർക്കും മനസ്സിലായില്ല.
പുറത്ത് വലിയൊരു ശബ്ദം കേട്ടാണ് പള്ളിയിലെ ഇമാമും മിരാബാരി മദ്രസയിലെ അധ്യാപകനുമായ മൗലാന അബ്ദുള്‍ ബാസിത് ഉടൻ പുറത്തിറങ്ങി നോക്കിയത്. ഒരു വാഹനം വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടു. ഉടൻ തന്നെ ഇമാം സമയോചിതമായി ഇടപെടുകയായിരുന്നു. അപകടം സംഭവിച്ചെന്നും രക്ഷാപ്രവർത്തനത്തിന് ഓടിയെത്തണമെന്നും പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ അദ്ദേഹം പ്രദേശവാസികളോട് ആവശ്യപ്പെട്ടു. മിനിറ്റുകള്‍ക്കുള്ളില്‍ പരിസരവാസികള്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. വാഹനത്തില്‍ കുടുങ്ങിയ ഏഴ് യാത്രക്കാരെയും പുറത്തെത്തിച്ചു.
✒️ എഡിറ്റോറിയൽ കുറിപ്പ്
അസമിലെ ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നത്:
മനുഷ്യനെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കർമ്മം, ജീവിതം രക്ഷിക്കുക എന്നതാണ്. മതമോ ജാതിയോ വസ്ത്രമോ പേരോ ഒന്നും നോക്കാതെ, മനുഷ്യജീവിതത്തിന്റെ വില മനസ്സിലാക്കി പ്രവർത്തിക്കുമ്പോഴാണ് യഥാർത്ഥ നേതാക്കൾ ജനിക്കാറുള്ളത്.
പൊതു ജീവിതം പലപ്പോഴും കയ്യിൽ പിടിക്കുന്ന അധികാരം വലുതാക്കുന്നവരെയാണ് നമ്മൾ കാണുന്നത്. എന്നാൽ ഇവിടെ, ഒരു പള്ളിയിലെ ഉച്ചഭാഷിണി ജനിപ്പിച്ചുവിട്ട ഒറ്റ ശബ്ദം, രാഷ്ട്രീയ വാഗ്ദാനങ്ങളെയും കെട്ടുകഥകളെയും മറികടന്ന് മനുഷ്യചികത്സയുടെ പ്രതീകമായി മാറുന്നു.
സമൂഹങ്ങൾ അങ്ങനെ ഒന്നാകുമ്പോഴാണ് നാടിന്റെ കരുത്ത് തെളിയുന്നത്- ഒരു ഇമാമിന്റെ ശബ്ദം ഏഴ് ജീവൻ നൽകിയ പുലർച്ചെ, ഭരണകൂടങ്ങൾക്കും നേതാക്കൾക്കും നൽകുന്ന സന്ദേശം വ്യക്തമാണ്:
മതിലുകൾ പണിയുന്നതല്ല മനുഷ്യൻ, ജീവൻ രക്ഷിക്കുന്നതാണ്.


0 Comments