തിരുവനന്തപുരം: രാജ്യത്ത് ഇലക്ട്രിക് വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ വ്യാപകമാക്കുന്നതിനുള്ള പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 340 സ്ഥലങ്ങള്‍ കണ്ടെത്തി കെഎസ്ഇബി. സര്‍ക്കാര്‍ വകുപ്പുകളും കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുമാണ് ചാര്‍ജിങ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഇതില്‍ ബിഎസ്എന്‍എല്‍ മാത്രം 91 ലൊക്കേഷനുകള്‍ നല്‍കാന്‍ സന്നദ്ധത രേഖപ്പെടുത്തി. കെഎസ്ആര്‍ടിസിയും ഐഎസ്ആര്‍ഒയും സ്ഥലങ്ങള്‍ വിട്ടുനല്‍കും. പദ്ധതിയുടെ ഭാഗമായി ഓരോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം 2,000 കോടി രൂപ സബ്‌സിഡിയായി അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന്റെ പ്രൊപ്പോസല്‍ അംഗീകരിക്കപ്പെട്ടാല്‍ 300 കോടി രൂപവരെ സബ്‌സിഡി ലഭിക്കാമെന്ന് വ്യക്തമാക്കുന്നു. കേന്ദ്ര-സംസ്ഥാന വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വളപ്പുകളില്‍ സ്ഥാപിക്കുന്ന സ്‌റ്റേഷനുകള്‍ക്കായി വൈദ്യുതി ലൈന്‍, ട്രാന്‍സ്‌ഫോര്‍മര്‍, ചാര്‍ജിങ് ഉപകരണങ്ങള്‍ തുടങ്ങി മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പൂര്‍ണ സബ്‌സിഡിയും ലഭിക്കും. കേരളത്തില്‍ കെഎസ്ഇബിയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. സ്ഥാപനങ്ങള്‍ മാറ്റിവെക്കുന്ന സ്ഥലങ്ങളില്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനായി കരാറുകാരെ കണ്ടെത്തുന്നതും കെഎസ്ഇബിയാണ്. വരുമാനം സ്ഥലുടമകളുമായി പങ്കിടേണ്ടതുണ്ടെന്നും കൂടുതല്‍ വരുമാനം പങ്കുവെക്കാന്‍ തയ്യാറാകുന്നവര്‍ക്കായിരിക്കും കരാര്‍ ലഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.


0 Comments