Flash News

6/recent/ticker-posts

അഭ്യൂഹത്തിന് അറുതി; രാഹുൽ കസ്റ്റഡിയിൽ ഇല്ലെന്ന് പോലീസ്..!

Views
കാസർകോട്: രാഹുൽ മാങ്കൂട്ടത്തിൽ ഹോസ്ദുർഗ് കോടതിയിൽ ഹാജരാകുമെന്ന അഭ്യൂഹത്തിന് പിന്നാലെ കോടതി പരിസരത്ത് വിന്യസിച്ച പൊലീസിൽ ഒരു വിഭാഗത്തെ പിൻവലിച്ചു. രാഹുൽ കസ്റ്റഡിയിൽ ഇല്ലെന്നും കോടതിയിൽ ഹാജരാകാൻ സാധ്യതയുണ്ടെന്നു വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസിനെ വിന്യസിച്ചതെന്നുമാണ് ജില്ലാ പൊലീസ് മേധാവി പറഞ്ഞത്. പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ എസ്ഐടി രാഹുലിനെ കസ്റ്റഡിയിൽ എടുത്തുവെന്നും കോടതിയിൽ ഹാജരാക്കിയേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു.

രാഹുൽ കർണാടകയിലെ സുള്ള്യയിൽ ഉണ്ടായിരുന്നുവെന്നാണ് നേരത്തെയുള്ള വിവരം. ഇതിന് പിന്നാലെയാണ് ഹോസ്ദുർഗ് കോടതിയിൽ എത്തുമെന്ന സൂചന ലഭിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം കോടതി പരിസരത്തെത്തിയത്. പൊലീസിനെ വിന്യസിച്ചതോടെ ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകരും കോടതി പരിസരത്ത് എത്തി. പൊതിച്ചോറുമായാണ് ഡിവൈഎഫ്ഐക്കാർ എത്തിയത്. ആശുപത്രികളിൽ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം ചെയ്യുന്നതിനെ രാഹുൽ അധിക്ഷേപിച്ചുവെന്നാരോപിച്ചായിരുന്നു ഇത്.  

പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലായി രാഹുൽ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുൽ എത്തിയെന്നും വാർത്തയുണ്ടായിരുന്നു. അവിടെ നിന്നും മലയോര മേഖല വഴി കുടകിലൂടെ കർണാടകയിലെ സുള്ള്യയിൽ എത്തിയിരിക്കാമെന്നാണ് കരുതുന്നത്. 


Post a Comment

0 Comments