മഞ്ചേരി: സൂപർ ലീഗ് കേരള രണ്ടാം സീസണിലെ അവസാന മൽസരത്തിൽ മലപ്പുറം എഫ്സിക്ക് ജയം. ഇതോടെ മലപ്പുറം എഫ്‌സി സെമിഫൈനലിൽ പ്രവേശിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേയിയത്തിൽ നടന്ന മൽസരത്തിൽ ഫോഴ്സ് കൊച്ചി എഫ്സിയെ രണ്ടിനെതിരേ നാലുഗോളുകൾക്ക് തകർത്താണ് മലപ്പുറം സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഫോഴ്സ കൊച്ചിക്കെതിരേ രണ്ടു ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷം നാലു ഗോളുകൾ തിരിച്ചടിച്ചാണ് മലപ്പുറം വിജയവും സെമി ബെർത്തും സ്വന്തമാക്കിയത്. ഇതോടെ സൂപർ ലീഗ് കേരളയുടെ സെമി ഫൈനലിന് യോഗ്യത നേടുന്ന നാലാമത്തെ ടീമായി മലപ്പുറം എഫ്സി മാറി. ഹാട്രിക് നേടിയ ബ്രസീലിയൻ താരം ജോൺ കെന്നഡിയാണ് മലപ്പുറത്തെ സെമിയിലേക്കു നയിച്ചത്. മലപ്പുറത്തിനു വേണ്ടി ഇഷാൻ പണ്ഡിതയും സ്കോർ ചെയ്തു. അഭിത്ത്, റൊമാരിയോ ജെസുരാജ് എന്നിവരാണ് കൊച്ചിക്കു വേണ്ടി ഗോൾ കണ്ടെത്തിയത്.
ഹാട്രിക് പൂർത്തിയാക്കിയ ഉടനെ ജോൺ കെന്നഡി പരിക്കേറ്റു മടങ്ങി. 88-ാം മിനിറ്റിൽ ഇഷാൻ പണ്ഡിത മലപ്പുറത്തിന്റെ പട്ടിക പൂർത്തിയാക്കി.
ലീഗ് റൗണ്ട് പൂർത്തിയാവുമ്പോൾ കാലിക്കറ്റ് എഫ്സ്‌സി 23 പോയിൻ്റ്, തൃശൂർ മാജിക് എഫ്സി 17 പോയിൻ്റ്, മലപ്പുറം എഫ്സി 14 പോയിന്റ്, കണ്ണൂർ വാരിയേഴ്സ് എഫ്സി 13 പോയിന്റ്റ് എന്നിവരാണ് സെമിയിൽ ഇടം നേടിയത്.
തിരുവനന്തപുരം കൊമ്പൻസ് എഫ്സി 12 പോയിന്റ്, ഫോഴ് കൊച്ചി എഫ്സി മൂന്ന് പോയിന്റ് എന്നീ ടീമുകൾ പുറത്തായി. എറണാകുളത്ത് നടന്ന ആദ്യപാദത്തിൽ മലപ്പുറം ഒന്നിനെതിരേ നാലു ഗോളുകൾക്ക് കൊച്ചിയെ
തോൽപ്പിച്ചിരുന്നു. ഞായറാഴ്ച ഒന്നാം സെമിയിൽ തൃശൂർ മാജിക് എഫ്സി, മലപ്പുറം എഫ്സിയെയും ബുധനാഴ്ച്ച രണ്ടാം സെമിയിൽ കാലിക്കറ്റ് എഫ്സി കണ്ണൂർ വാരിയേഴ്സിനെയും നേരിടും. ഒന്നാം സെമിക്ക് തൃശൂരും രണ്ടാം സെമിക്ക് കോഴിക്കോടുമാണ് വേദിയാവുക.
ഫൈനൽ ഡിസംബർ 14ന് കോഴിക്കോട്ട് നടക്കും.


0 Comments