Flash News

6/recent/ticker-posts

ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്കും ഇസ്രായേലിനും വിലക്ക്; നിലപാട് വ്യക്തമാക്കി ഇറാൻ

Views


ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ നിർണായക തീരുമാനവുമായി ഇറാൻ. തങ്ങളുടെ ശത്രുരാജ്യങ്ങളായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉടമസ്ഥതയിലുള്ള കപ്പലുകൾക്ക് മാത്രമാണ് ഈ പാതയിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്ക് ഈ ജലപാത സുരക്ഷിതമായി ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു.

​ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന് നേരെ അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ ഈ ചുവടുമാറ്റം. ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ജലപാതയായതിനാൽ ഇറാന്റെ നീക്കം ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ്. "ഹോർമുസ് കടലിടുക്ക് യഥാർത്ഥത്തിൽ എല്ലാവർക്കുമായി തുറന്നിരിക്കുകയാണ്, എന്നാൽ തങ്ങളെ ആക്രമിക്കുന്ന ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും ഈ വഴി കടന്നുപോകാൻ അനുവാദമുണ്ടാകില്ല," അരാഗ്‌ചി എം.എസ്. നൗ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

​ഖാർഗ് ഐലൻഡ് ആക്രമണം മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. തങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നവരെ ലക്ഷ്യം വെച്ചാണ് ഈ ഭാഗിക ഉപരോധമെന്നാണ് ഇറാന്റെ നിലപാട്. ലോകരാജ്യങ്ങൾക്കിടയിൽ യുദ്ധഭീതി നിലനിൽക്കെ, കപ്പൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തില്ലെന്ന ഇറാന്റെ പ്രഖ്യാപനം ആഗോളതലത്തിൽ വലിയ ആശ്വാസമാണ് നൽകുന്നത്.



Post a Comment

0 Comments