തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ജൂലൈ 5ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ജൂലൈ 6ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് തുടരും. ജൂലൈ 7ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ, നദീതീരങ്ങൾ, അണക്കെട്ടുകളുടെ കീഴ്ഭാഗങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ദുരന്തസാധ്യതയുള്ള മേഖലകളിലുള്ളവർ പകൽ സമയത്ത് തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ തദ്ദേശറവന്യൂ അധികൃതരുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.
ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ബലക്ഷയം സംഭവിച്ച വീടുകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീഴുന്നതും വൈദ്യുതി പോസ്റ്റുകൾ തകരുന്നതുമൂലമുള്ള അപകടസാധ്യതയും കണക്കിലെടുക്കണമെന്ന് അധികൃതർ അറിയിച്ചു.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കുകയോ കുളിക്കുകയോ മീൻപിടിക്കുകയോ ചെയ്യരുത്. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ കാഴ്ച കാണാനും സെൽഫി എടുക്കാനും കൂട്ടംകൂടാനും പാടില്ല. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും വെള്ളം കയറിയ റോഡുകളിലൂടെയുള്ള വാഹനയാത്രകളും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ സജ്ജമാണ്. അടിയന്തര സാഹചര്യങ്ങളിൽ 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. ദുരന്തസാധ്യതയുള്ള മേഖലകളിലുള്ളവർ ആവശ്യമായ മരുന്നുകൾ, രേഖകൾ, കുടിവെള്ളം, ടോർച്ച് തുടങ്ങിയവ ഉൾപ്പെട്ട എമർജൻസി കിറ്റ് തയ്യാറാക്കി സൂക്ഷിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.


0 Comments