തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ 13-ാം തീയതി വരെ സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പൊതുവിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടിൽ നിന്നുള്ള ആശ്വാസമാകും. സെപ്തംബർ 10 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സെപ്തംബർ 10 ഓടെ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് രാവിലെ 8:30 മുതൽ വെള്ളിയാഴ്ച രാവിലെ 8:30വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര വിശകലന കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കന്യാകുമാരി തീരത്ത് ഇന്നലെ രാത്രി മുതൽ വെള്ളിയാഴ്ച രാത്രി 11.30വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


0 Comments