ന്യൂഡല്ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിനും ഡല്ഹിക്കുമാണ് പ്രധാനമായും മുന്നറിയിപ്പുള്ളത്. ഇതിനുപുറമെ ഹരിയാന, ഉത്തര്പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കേരളത്തില് കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നും നേരിയതോ മിതമോ ആയ മഴ മാത്രമേ ലഭിക്കുകയുള്ളുവെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഒക്ടോബര് 12 മുതല് 15 വരെയാണ് മുന്നറിയിപ്പുള്ളത്. 16, 17, 18 തിയ്യതികളില് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള് ജാഗ്രത പാലിക്കണമെന്നും നിര്ദേശമുണ്ട്.
രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം ആളിക്കത്തുമ്പോഴും നഗരത്തിന്റെ വിവിധ ഭാഗങ്ങളില് കനത്ത മഴ തുടരുകയാണ്. പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. കരോള് ബാഗിലെ ജാന്ദേവാലന് ക്ഷേത്രത്തിന് സമീപമുള്ള റോഡുകളില് വന്തോതില് വെള്ളം കെട്ടിക്കിടക്കുന്നതായി റിപ്പോര്ട്ടുകളുണ്ട്. അടുത്ത രണ്ട്, മൂന്ന് മണിക്കൂറിനുള്ളില് ഡല്ഹി എന്സിആര് മേഖലയില് ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ആറ് ദിവസങ്ങളില് ഡല്ഹിയില് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും അധികൃതര് വ്യക്തമാക്കി. മണിക്കൂറില് 60 കിലോമീറ്റര് വരെ വേഗതയില് കാറ്റ് വീശാനും സാധ്യതയുണ്ട്.


0 Comments