കോഴിക്കോട്കൊയിലാണ്ടി ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു.
തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയും കാപ്പാട് വികാസ് നഗർ നോർത്ത് പാണകുളംകുനി സുരേഷ് - റീന ദമ്പതികളുടെ മകളുമായ അവനിക (14), പ്ലസ് വൺ വിദ്യാർത്ഥിയും തിരുവങ്ങൂർ കോഴിപ്പറമ്പത്ത് സുബിഷ് - സുനിഷ ദമ്പതികളുടെ മകനുമായ പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്.
പാർത്ഥിവ് തിരുവങ്ങൂരിൽ തന്നെ പത്താം ക്ലാസ് വരെ പഠിച്ച ശേഷം അത്തോളിയിലെ മറ്റൊരു സ്കൂളിൽ പ്ലസ് വണ്ണിന് ചേർന്നതാണ്.ഞായറാഴ്ച വൈകിട്ട് 5:45 - 6:00 മണിയോടെ ചേമഞ്ചേരി സ്റ്റേഷന്റെ തെക്കുഭാഗത്ത് വെച്ചാണ് അപകടം. മംഗലാപുരം - ചെന്നൈ മെയിൽ / ചെന്നൈ എക്സ്പ്രസ് കടന്നു പോയ ശേഷമാണ് ട്രാക്കിൽ രണ്ട് മൃതദേഹങ്ങൾ കിടക്കുന്നത് നാട്ടുകാർ കണ്ടത്.
ട്രെയിൻ തട്ടിയ മൃതദേഹങ്ങൾ ചിന്നിചിതറിയ നിലയിലായിരുന്നു. അതിനാൽ ആദ്യം ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വിവരം അറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
രാത്രി വൈകി ബന്ധുക്കൾ മോർച്ചറിയിൽ എത്തിയാണ് തിരിച്ചറിഞ്ഞത് എന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.
അപകട സ്ഥലം ദേശീയപാതയും റെയിൽവേ ട്രാക്കും തൊട്ടടുത്ത് കടന്നുപോകുന്ന സ്ഥലമാണ് ചേമഞ്ചേരി സ്റ്റേഷൻ പരിസരം. അപകടസാധ്യത കൂടിയ മേഖലയാണിവിടം.
പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണോ അപകടമാണോ എന്നതടക്കം പരിശോധിക്കുകയാണെന്നും, ഇരുവരെയും ഞായറാഴ്ച വൈകിട്ട് ചേമഞ്ചേരി സ്റ്റേഷനിൽ ഒരുമിച്ച് കണ്ടിരുന്നതായും പോലീസ് പറഞ്ഞു.


0 Comments