Flash News

6/recent/ticker-posts

ഹജ്ജ് നിയമലംഘനം: ഒരു ലക്ഷം റിയാൽ പിഴയും 10 വർഷം പ്രവേശന വിലക്കും; കർശന മുന്നറിയിപ്പുമായി സൗദി

Views

ജിദ്ദ : ഹജ് പെര്‍മിറ്റ് വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും പ്രവേശന വിലക്കും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പെര്‍മിറ്റ് ഇല്ലാതെ ഹജ് നിര്‍വഹിച്ചോ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ചോ പിടിയിലാകുന്നവര്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തും. ദുല്‍ഖിഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് പതിനാലു വരെയുള്ള ദിവസങ്ങളില്‍ മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുകയോ പ്രവേശിക്കാന്‍ ശ്രമിക്കുകയോ അവിടെ താമസിക്കുകയോ ചെയ്യുന്ന വിസിറ്റ് വിസക്കാര്‍ക്കും ഇതേ പിഴ ലഭിക്കും.
പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കുകയോ ഹജ് നിര്‍വഹിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന വിസിറ്റ് വിസക്കാര്‍ക്കും ദുല്‍ഖിഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് പതിനാലു വരെയുള്ള ദിവസങ്ങളില്‍ മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്യുന്ന വിസിറ്റ് വിസക്കാര്‍ക്കും വിസക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ഹജ് പെര്‍മിറ്റുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് അവര്‍ക്ക് വിസക്ക് അപേക്ഷിച്ചവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.

ദുല്‍ഖിഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് പതിനാലു വരെയുള്ള ദിവസങ്ങളില്‍ വിസിറ്റ് വിസക്കാരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുകയോ കൊണ്ടുപോകാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്കും ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും. ഹോട്ടലുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, സ്വകാര്യ വസതികള്‍, ഷെല്‍ട്ടറുകള്‍, തീര്‍ഥാടകര്‍ക്കുള്ള പാര്‍പ്പിട സ്ഥലങ്ങള്‍ പോലുള്ള ഏതെങ്കിലും താമസ സ്ഥലത്ത് വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നവര്‍ക്കും വിസിറ്റ് വിസക്കാരെ ഒളിച്ചുകഴിയാന്‍ സഹായിക്കുന്നവര്‍ക്കും ദുല്‍ഖിഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള ദിവസങ്ങളില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും തങ്ങാന്‍ വിസിറ്റ് വിസക്കാര്‍ക്ക് എന്തെങ്കിലും സഹായ സൗകര്യങ്ങള്‍ നല്‍കുന്നവര്‍ക്കും ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും. നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് അവരെ സഹായിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ലഭിക്കും.
പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് കുടുങ്ങുന്ന പ്രവാസികളെയും മറ്റു നിയമ ലംഘകരെയും സൗദിയില്‍ നിന്ന് നാടുകടത്തുകയും പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് പത്തു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. ദുര്‍ഖിഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് പതിനാലു വരെയുള്ള കാലത്ത് വിസിറ്റ് വിസക്കാരെ മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകാന്‍ ഉപയോഗിച്ചതായി തെളിയിക്കപ്പെടുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ കോടതിയില്‍ നിയമ നടപടി സ്വീകരിക്കും. ശിക്ഷിക്കപ്പെടുന്ന ഏതൊരാള്‍ക്കും 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട കമ്മിറ്റിക്കു മുന്നില്‍ അപ്പീല്‍ നല്‍കാനും കമ്മിറ്റിയുടെ തീരുമാനം അറിയിക്കപ്പെട്ട് 60 ദിവസത്തിനുള്ളില്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ ചോദ്യം ചെയ്യാനും അവകാശമുണ്ടാകും. സ്വദേശികളും പ്രവാസികളും എല്ലാതരം വിസകളിലും സൗദിയില്‍ കഴിയുന്നവരും ഹജ് നിയമങ്ങള്‍ പാലിക്കണമെന്നും ശിക്ഷകള്‍ക്ക് വിധേയരാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഹജ് നിയമ ലംഘകരെ കുറിച്ച് മക്ക പ്രവിശ്യയില്‍ 911 എന്ന നമ്പറില്‍ അറിയിക്കാനും മന്ത്രാലയം എല്ലാവരോടും അഭ്യര്‍ഥിച്ചു.


Post a Comment

0 Comments