വാഷിങ്ടൻ ഹോർമുസിൽ ഉപരോധം കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈനിക സമ്മർദത്തിന്റെ ഭാഗമായി ഇറാന്റെ തുറമുഖങ്ങൾ പൂർണമായും തടഞ്ഞുകൊണ്ടുള്ള നാവിക ഉപരോധം തുടരുകയാണ്. ഉപരോധം ലംഘിച്ച് യുഎസ് കപ്പലുകൾക്കടുത്തേക്കു വരുന്ന ഇറാന്റെ ഏതു യുദ്ധക്കപ്പലും തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുള്ള 16 യുദ്ധക്കപ്പലുകളുടെ കരുത്തിലാണ് യുഎസ് നീക്കം. ഹോർമുസിലെ യുഎസ് ഉപരോധം അപകടകരമാണെന്നും ഇറാനെ സഹായിക്കുന്നെന്ന് ആരോപിച്ച് തീരുവ കൂട്ടിയാൽ ശക്തമായി തിരിച്ചടിക്കുമെന്നും ചൈന വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പശ്ചിമേഷ്യയിൽ സമാധാനത്തിനായി 4 നിർദേശങ്ങൾ മുന്നോട്ടുവച്ചതും ശ്രദ്ധേയമായി.
സംഘർഷങ്ങൾക്കിടെ, യുഎഇയിലേക്കുള്ള ‘പീസ് ഗൾഫ്’ അടക്കം 3 ചരക്കു കപ്പലുകൾ ഹോർമുസ് കടലിടുക്കു കടന്നു. ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾ അല്ലാത്തതിനാലാണ് യുഎസ് ഉപരോധം ബാധിക്കാതിരുന്നത്. എങ്കിലും ഹോർമുസ് കടലിടുക്കിലെ ഉപരോധം ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം. ഹോർമുസ് അടഞ്ഞുകിടന്നാൽ വലിയ ഇന്ധനപ്രതിസന്ധിയുണ്ടാകുമെന്ന് ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയ ഏജൻസികൾ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഇന്ധനം, വളം വിലകൾ ദീർഘകാലത്തേക്ക് ഉയർന്നുനിൽക്കാൻ ഇതു കാരണമായേക്കാം. ഹോർമുസ് സുരക്ഷിതമായി തുറന്നുകൊടുക്കാൻ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും നേതൃത്വത്തിൽ പ്രത്യേക ദൗത്യത്തിനു നീക്കം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച പാരിസിൽ ഉന്നതതല യോഗം ചേരും. അതിനിടെ, തങ്ങൾക്കെതിരെ യുദ്ധത്തിൽ പങ്കുചേർന്ന 5 അയൽരാജ്യങ്ങളിൽനിന്നു നഷ്ടപരിഹാരം വേണമെന്ന് ഇറാൻ യുഎന്നിൽ ആവശ്യപ്പെട്ടു. സൗദി അറേബ്യ, യുഎഇ, ജോർദാൻ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്കെതിരെയാണ് ഇറാന്റെ നീക്കം.


0 Comments