വേങ്ങര: മലപ്പുറം എ.ആർ നഗറിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകളിൽ ഒറീസ സ്വദേശിയായ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
യുവാവിന്റെ തലയിൽ ആഴത്തിലുള്ള മുറിവുകളും അടിയേറ്റ പാടുകളുമുണ്ട്. ഇയാളോടൊപ്പം ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന മറ്റൊരു ഇതരസംസ്ഥാന തൊഴിലാളിയെ സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. കെട്ടിടത്തിന് മുകളിൽ വെച്ചുണ്ടായ തർക്കമോ സംഘർഷമോ ആകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്.
വിവരമറിഞ്ഞ് വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത വേങ്ങര പോലീസ് എല്ലാ വശങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.


0 Comments