വേങ്ങര: വേങ്ങര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സബാഹ് കുണ്ടുപുഴക്കലിന്റെ റോഡ് ഷോ മുസ്ലിം ലീഗ് പ്രവർത്തകർ തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ടൗണിൽ സംഘർഷാവസ്ഥ. തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ വേങ്ങര ടൗണിലായിരുന്നു സംഭവം. കാരാതോട് നിന്ന് ആരംഭിച്ച് കൊളപ്പുറത്തേക്ക് പോവുകയായിരുന്ന റോഡ് ഷോ വേങ്ങര ടൗണിൽ എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്.
ഈ സമയം വേങ്ങര ടൗണിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. ഷാജിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച ഗാനമേള നടക്കുന്നുണ്ടായിരുന്നു. സബാഹ് കുണ്ടുപുഴക്കൽ സഞ്ചരിച്ച തുറന്ന വാഹനവും അനൗൺസ്മെന്റ് വാഹനവും കടന്നുപോയതിന് പിന്നാലെ, അകമ്പടിയായി എത്തിയ ബൈക്ക് റാലി ലീഗ് പ്രവർത്തകർ തടയുകയായിരുന്നു. ഗാനമേള നടന്ന ഗ്രൗണ്ടിൽ നിന്നും കൊടികളുമായി റോഡിലേക്ക് ഇറങ്ങിയ പ്രവർത്തകർ ബൈക്കുകൾ തടഞ്ഞത് വാക്കേറ്റത്തിനും പിന്നീട് സംഘർഷത്തിനും വഴിമാറി.
സംഘർഷത്തിൽ എൽ.ഡി.എഫ് പ്രവർത്തകരുടെ നിരവധി ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ബൈക്കുകളിൽ ഉണ്ടായിരുന്ന കൊടികൾ പിടിച്ചുവാങ്ങി നശിപ്പിക്കുകയും വാഹനങ്ങളുടെ ചാവി ഊരിയെടുക്കുകയും ചെയ്തതായി എൽ.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. ഒരു മണിക്കൂറോളം റോഡ് ഷോ തടസ്സപ്പെട്ടതോടെ ടൗണിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ എൽ.ഡി.എഫ് പ്രതിഷേധം രേഖപ്പെടുത്തി. സംഭവസ്ഥലത്ത് പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.


0 Comments